മമതക്ക് 'ഗെറ്റ് വെൽ സൂൺ' സന്ദേശങ്ങളയച്ച് ബി.ജെ.പിയുടെ പരിഹാസം
text_fieldsകൊൽക്കത്ത: 'ജയ് ശ്രീ റാം' മുദ്രാവാക്യം വിളിയുമായി ബന്ധപ്പെട്ട് ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും തമ്മിലെ പോര് തുടരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ പരിഹസിച്ച് 'വേഗം സുഖം പ്രാപിക്കട്ടെ' എന്ന അർഥത്തിലെ ഗെറ്റ് വെൽ സൂൺ സന്ദേശങ്ങൾ അയക്കുകയാണ് ബി.ജെ.പി പ്രവർത്തകർ.
മമതക്ക് എന്തോ പ്രശ്നമുണ്ടെന്നും അതിനാൽ അവർക്ക് സുഖം പ്രാപിക്കാൻ സന്ദേശം അയക്കുകയാണെന്നും കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ പറഞ്ഞു. മമത ഏറെ അനുഭവസമ്പന്നയായ രാഷ്ട്രീയ പ്രവർത്തകയാണ്. പക്ഷേ അവരുടെ പെരുമാറ്റം ഇപ്പോൾ വിചിത്രമാണ്. ബി.ജെ.പിയുടെ ബംഗാളിലെ സാന്നിധ്യം കാരണം അവർ ഊർദ്ധശ്വാസം വലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ നീക്കത്തിന് മറുപടിയെന്നോണം തൃണമൂൽ നേതാക്കൾ ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളുടെ പ്രൊഫൈൽ ചിത്രം മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ് തുടങ്ങിയ നേതാക്കളുടേതാക്കുകയും 'ജയ് ഹിന്ദ്, ജയ് ബംഗ്ല' എന്നിങ്ങനെ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
നേരത്തെ, തൃണമൂൽ കോൺഗ്രസ് നേതാക്കൾ യോഗം ചേർന്ന കെട്ടിടത്തിന് പുറത്ത് 'ജയ് ശ്രീ റാം' വിളികളുമായി പ്രതിഷേധിച്ച ബി.ജെ.പി പ്രവർത്തകർക്കു നേരെ ലാത്തിച്ചാർജ് നടത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്ക് 'ജയ് ശ്രീ റാം' എന്നെഴുതിയ 10 ലക്ഷം പോസ്റ്റ് കാർഡുകൾ അയച്ച് പ്രതിഷേധിക്കാൻ ബി.ജെ.പി തീരുമാനിച്ചിരുന്നു.
മമതയുടെ വാഹന വ്യൂഹം കടന്നുപോകുമ്പോൾ വഴിയരികിൽ 'ജയ് ശ്രീ റാം' വിളികളുമായി പ്രതിഷേധിച്ചവർക്കു നേരെ മമത തട്ടിക്കയറിയിരുന്നു. ഇത്തരം രണ്ട് സംഭവങ്ങളിലായി ഏതാനും പേർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
